സ്വപ്നം കാണുക അത് സാക്ഷാത്ക്കരിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാകും അത്. അപ്പോൾ നേടിയെടുത്തത് അനേകായിരം പേര് അസൂയയോടെ നോക്കുന്ന പലർക്കും അപ്രാപ്യമായ ഒന്നാണെങ്കിലോ ? അതുപോലൊരു നേട്ടം കൈവരിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ കൊച്ചിക്കാരി നിഖിത തോമസ്. മിസ്സ് സൗത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയ മലയാളി പെൺകുട്ടി. ബാല്യത്തിൽ കണ്ട സ്വപ്നത്തെ പിന്തുടർന്ന് അത് നേടിയെടുത്ത വനിതകളുടെ നിരയിൽ ഓരോ മലയാളി പെൺകുട്ടിക്കും പ്രചോദനമായി ഇനി ഈ 18 കാരിയും ഉണ്ടാകും.
11 വയസുള്ളപ്പോഴായിരുന്നു നിഖിതയുടെ മനസ്സിൽ ആ മോഹം ആദ്യമായി ഉണ്ടായത്. അച്ഛനും അമ്മയ്ക്കും ഒപ്പം മിസ്സ് കേരള കോമ്പറ്റിഷൻ കണ്ട സ്‌കൂൾ കുട്ടിക്കും ഒരു മോഹം റാംപിൽ നടക്കണം മോഡൽ ആകണം. ആഗ്രഹം അമ്മയോട് പറഞ്ഞു. പിന്നീട് ആ മകൾക്ക് മാർഗ്ഗ ദർശിയായി ഓരോ ചുവടിലും അമ്മ അനിതാ തോമസും ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ മിസ്സ് കേരള കിരീടം സ്വപ്നം കണ്ട നിഖിതക്ക് കാലം കാത്തുവെച്ചത് മിസ് സൗത്ത് ഇന്ത്യൻ കിരീടം ആയിരുന്നു. 18 വയസ്സ് തികഞ്ഞപ്പോഴേ മിസ് കേരള മത്സരത്തിൽ യോഗ്യത നേടുകയും ആറാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഒട്ടും പിന്നോട്ട് പോകാതെ 18 വയസ്സിൽ തന്നെ മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിന് തയ്യാറെടുക്കുക ആയിരുന്നു. ഇപ്പോൾ മിസ്സ് സൗത്ത് ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ കുഞ്ഞുനാളിൽ സ്വപ്നം കണ്ട ഉയരങ്ങൾ കീഴടക്കി തുടങ്ങിയതിന്റെ ത്രില്ലിലാണ് നിഖിത. കൊച്ചി രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് & അപ്ലൈഡ് സയൻസിൽ ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിനായ നിഖിത ഇപ്പോൾ തന്നെ കോളേജിൽ ഒരു താരമായി മാറിക്കഴിഞ്ഞു.
ഡെഡിക്കേഷനും കഠിന പ്രയത്നത്തിനുമൊപ്പം ഫാമിലിയുടെ ശക്തമായ പിന്തുണയുമാണ് നിഖിതയുടെ നേട്ടങ്ങൾക്ക് പിന്നിൽ. അമ്മ അനിത തോമസ് അച്ഛൻ നൈനാൻ തോമസും സഹോദരി നീതുവുമെല്ലാം നിഖിതക്ക് കട്ട സപ്പോർട്ടുമായി ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്നു. മിസ് ഇന്ത്യ, മിസ്സ് വേൾഡ് എന്നീ കിരീടങ്ങളാണ് ഇനി നിഖിതയുടെ ലക്ഷ്യം. മത്സരങ്ങളിലും മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പഠിത്തിലും ഒട്ടും പിന്നിലല്ല നിഖിത. BBA ആദ്യ വർഷ വിദ്യാർത്ഥിനിയായ നിഖിതയ്ക്ക്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഉപരി പഠനം നടത്താനാണ് ആഗ്രഹം. മലയാളിക്ക് എന്നല്ല ഓരോ പെൺകുട്ടിക്കും മാതൃകയാക്കാവുന്ന പ്രചോദനയാമായ നിഖിതക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എല്ലാ ആശംസകളും.
Comments
Post a Comment